1. യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു.
യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു എന്ന് ബൈബിളില്‍ പറയുന്നില്ല. വഴിയമ്പലത്തില്‍ സ്ഥലമില്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തിയെന്നേ ഉള്ളൂ. ജനിച്ചത് പശുത്തൊട്ടിയിലല്ല. ജനിച്ചശേഷം കിടത്തിയ സ്ഥലമാണ് പശുത്തൊട്ടി. (ലൂക്കാ 2:7)
2. യേശു രാത്രിയിലാണ് ജനിച്ചത്. ബൈബിളില്‍ അങ്ങനെ പറയുന്നില്ല. ദൂതന്മാര്‍ ഇടയന്മാര്‍ക്ക് പ്രത്യക്ഷമായ സമയമാണ് രാത്രി. (ലൂക്കോ 2:8)
3. വിദ്വാന്മാര്‍ യേശുവിന്‍റെ ജനനദിവസം സന്ദര്‍ശിച്ചു.
യേശു ജനിച്ചതിന്‍റെ അടുത്ത ദിവസങ്ങളിലോ മാസങ്ങളിലോ വര്‍ഷമോ ആകാം ഈ സന്ദര്‍ശനം. കാരണം മത്തായി 2:16 അനുസരിച്ച് വിദ്വാന്മാര്‍ തന്നെ കളിയാക്കിയെന്ന് ഹേരോദാവ് മനസ്സിലാക്കിയിട്ട് വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൊല്ലുവാന്‍ കല്പിച്ചത്. ജനനദിവസമായിരുന്നു സന്ദര്‍ശനമെങ്കില്‍ 2 വര്‍ഷക്കാലം കണക്ക് കൂട്ടേണ്ട ആവശ്യമില്ലായിരുന്നല്ലോ.
4. വിദ്വാന്‍മാര്‍ ഇന്ത്യാക്കാരായിരുന്ന രാജാക്കന്മാരായിരുന്നു.
വേദപുസ്തകത്തില്‍ അങ്ങനെ ഇല്ല. വേദപണ്ഡിതര്‍ പറയുന്നത് അവര്‍ പേര്‍ഷ്യാക്കാരായിരുന്നു എന്നാണ്. മാഗി (magi) എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. പേര്‍ഷ്യയിലെ പുരോഹിതവര്‍ഗ്ഗമായിരുന്നു മാഗികള്‍.
5. യേശുവിനെ കാണാന്‍ മൂന്നുപേരാണ് വന്നത്.
ഒന്നിലധികം എന്നല്ലാതെ 3 എന്ന സംഖ്യ വേദപുസ്തകത്തില്‍ പറയുന്നില്ല. കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി എന്നേയുള്ളൂ.
അവർ അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു എന്നത് കൊണ്ടാവാം മൂന്ന് പേര് എന്ന് പറയുന്നത്.
6. പത്രോസിന്‍റെ മേലാണ് സഭ പണിതിരിക്കുന്നത്
“പത്രോസേ, നീ പാറയാകുന്നു ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും.”ഇതിനാല്‍ ആണ് പത്രോസിന്‍റെ മേലാണ് സഭ പണിതിരിക്കുന്നത് എന്ന് പറയുന്നത്. ഇങ്ങനെയൊരു വാക്യം ബൈബിളില്‍ ഇല്ല. വായിക്കുക – മത്തായി 16:18 – നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; എന്നാണ്. പാറ ക്രിസ്തു തന്നെയാണ്.
7. ക്രൂശില്‍നിന്നും ഇറക്കിയ യേശുവിന്‍റെ ശരീരം മാതാവിന്‍റെ മടിയില്‍ കിടത്തുന്നത്.
ഇത്തരത്തിലൊരു സംഭവം പുതിയ നിയമത്തിലൊരിടത്തും കാണുന്നില്ല. അടക്കുമ്പോള്‍ ശിഷ്യര്‍പോലും അടുത്തില്ല എന്ന് വേണം കരുതുവാന്‍. യോഹ 19:38 മുതല്‍ വായിക്കുക. അരിമത്യയിലെ ജോസഫും നിക്കോദേമോസും ചേര്‍ന്നാണ് യേശുവിനെ അടക്കിയത്. ഭയപ്പെട്ടു കഴിഞ്ഞിരുന്ന ശിഷ്യന്മാര്‍ അവിടെ വന്നില്ല. ലൂക്കോ: 23:50-56; മര്‍ക്കോസ് 15:42-47; മത്തായി 27:57-61 വാക്യങ്ങള്‍ വായിക്കുക.
8. അവനവന്‍റെ വിശ്വാസം അവനെ രക്ഷിക്കും.
ഇങ്ങനെ ഒരു വാക്യം ബൈബിളില്‍ ഇല്ല. “നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” (ലൂക്കോ. 8:48; മര്‍ക്കോ 5:34) എന്നാണ് കര്‍ത്താവ് പറഞ്ഞത്. പന്ത്രണ്ടു സംവത്സരം രക്തസ്രവക്കാരിയായ ഒരുവളോട് യേശു പറഞ്ഞ വാക്കുകളാണിത്. അവളുടെ യേശുവിലുള്ള വിശ്വാസമാണ് അവളെ രക്ഷിച്ചത്. അല്ലാതെ എന്തെങ്കിലും വിശ്വസിച്ചാല്‍ അത് രക്ഷിക്കും എന്നല്ല.
9. യേശുവിന്‍റെ അമ്മ മറിയ നിത്യ കന്യകയാണ്.
ദൈവപുത്രനെ ഉദരത്തില്‍ വഹിച്ചതിലൂടെ ഭാഗ്യവതിയായ സ്ത്രീരത്നം ആണ് മറിയ. അവര്‍ കന്യകയായിരുന്നു,…..യേശു ജനിക്കുന്നിടം വരെ. തെളിവ് : യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.
യേശുവിനു സഹോദരങ്ങള്‍ ഉണ്ടായിരുന്നു എന്നതിന് ധാരാളം വാക്യങ്ങള്‍ ഉണ്ട്. മത്തായി 12: 46 മുതല്‍, ലൂക്കൊ:8:19 മുതല്‍, മാര്‍ക്കോസ്3:31 മുതലും പറയുന്നുണ്ട്. മത്തായി 13: 54 മുതല്‍ ഉള്ള വാക്യങ്ങളില്‍ അവരുടെ പേര് പറയുന്നുണ്ട്. ഇത് സ്വന്ത സഹോദരന്മാര്‍ അല്ല ബന്ധുക്കള്‍ആണെന്നുള്ള വാദത്തിനു ബൈബിളില്‍ തെളിവില്ല. ക്രൂശീകരണ സമയത്ത് അമ്മയെ യോഹന്നാനെ ഏല്‍പ്പിച്ചത് കൊണ്ട് യേശുവിനു സഹോദരന്മാര്‍ ഇല്ല എന്നു വാദിക്കുന്നവരും ഉണ്ട്. ഇതും തെറ്റാണു കാരണം യേശു ഏറ്റവും സ്നേഹിച്ച ശിഷ്യനെയാണ് യേശു തന്‍റെ അമ്മയെ ഏല്‍പ്പിക്കുന്നത്. മാത്രമല്ല മത്തായി 13ല്‍ പറയുന്ന സഹോദരങ്ങള്‍ ക്രൂശീകരണ സമയത്ത് അവിടെ ഉണ്ടായിരുന്നതായി തെളിവില്ല.