ബൈബിൾ നുറുങ്ങുകൾ

വെട്ടുക്കിളി

വെട്ടുക്കിളി എന്ന് കേട്ടാൽ വിളകൾ നശിപ്പിക്കുന്ന ഷഡ്‌പദത്തെയാണല്ലോ ഓർമ്മ വരുന്നത്. വലിയ കൂട്ടങ്ങ​ളാ​യി ദേശാ​ടനം നടത്തുന്ന ഒരുതരം പുൽച്ചാ​ടി. മോശ​യു​ടെ നിയമ​ത്തിൽ ഭക്ഷ്യ​യോ​ഗ്യ​മായ, ശുദ്ധി​യുള്ള ഒരു ജീവി​യാ​യി ഇതിനെ പട്ടികപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ലേവ്യപുസ്തകം – 11:22. പോകുന്ന വഴിയി​ലു​ള്ളതെ​ല്ലാം തിന്നു​തീർക്കുന്ന വെട്ടി​ക്കി​ളി​ക്കൂ​ട്ടം ഒരു ബാധ​പോലെ​യാണ്‌; അതു വരുത്തിവെ​ക്കുന്ന നാശനഷ്ടം വളരെ വലുതാ​ണ്‌.

എന്നാൽ വെട്ടുക്കിളി എന്ന പേര് ഒരു മരത്തിനും ഉണ്ടെന്നറിയുമ്പോൾ കൗതുകം തോന്നാം. ഈ ഷഡ്പദത്തിന്റെയും വൃക്ഷത്തിന്റെയും ഇംഗ്ലീഷ് പേര് ‘ലോക്കസ്റ്റ്’ എന്നാണ്. ബീൻസ് പോലുള്ള കായ്കൾ എട്ടിഞ്ചു വരെ നീളം വരും. കട്ടിയുള്ള പുറന്തോടിനുള്ളിൽ വിത്തുകളെ പൊതിഞ്ഞിരിക്കുന്ന മാംസളമായ ഭാഗം നല്ല സ്വാദുള്ളതും പോക്ഷക മൂല്യമുള്ളതാണ്. ഈ വൃക്ഷത്തിന്റെ കായ്കളെ ‘ജോൺസ് ബ്രെഡ്’ എന്നും അറിയപ്പെടുന്നുണ്ടു. ഈ വെട്ടുക്കിളി അതിന്റെ പേരിന്റെ പ്രത്യേകത മൂലം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മർക്കൊസ് – 1:6 ൽ യോഹന്നാനോ ……. വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു എന്ന് കാണുന്നു. ബൈബിൾ ജ്ഞാനികളുടെയിടയിൽ ഇവിടെ പറയുന്ന ‘വെട്ടുക്കിളി’ ഈ മരത്തിന്റെ കായ്കളെപ്പറ്റിയാണ് എന്നും പഠിപ്പിക്കുന്നവരുണ്ട്.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

വാളവര

ലൂക്കോസ് 15:16 ൽ മുടിയനായപുത്രൻ കഠിനമായ വിശപ്പുമൂലം പന്നികൾക്ക് നൽകുന്ന വാളവരയെങ്കിലും തിന്നുവാൻ ആഗ്രഹിച്ചുവെങ്കിലും അവനു ലഭിച്ചില്ല എന്ന് കാണുന്നു. മലയാളികൾക്ക് പരിചിതമായ വാളവര വീതിയുള്ള ഒരിനം പയറാണ്. പയറിന്റെ കുടുംബത്തിൽ തന്നെ പെട്ടതും ഇംഗ്ലീഷ് പരിഭാഷയിൽ ‘കാരോബ്‌ പോഡ്’ എന്നറിയപ്പെടുന്നതുമായ ഫലമാണ് വാളവര. അമ്പതു അടിവരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിൽ എട്ടു ഇഞ്ചു വരെ നീളത്തിലുള്ള കായ്കൾ ഉണ്ടാകുന്നു. ഇതിന്റെ പുറന്തോട് പൊളിച്ചു പന്നികൾക്കു ഭക്ഷണമായി കൊടുക്കാറുണ്ട്. വലിയ സാമ്പത്തിക ശേഷിയില്ലാവരുടെ ഭക്ഷണവുമാണിത്. ഈ കായ്കൾ ശേഖരിച്ചു ഉണക്കി സൂക്ഷിച്ചു മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു.

ബൈബിളിൽ വാളവര എന്ന വാക്ക് ഇവിടെ മാത്രമേ കാണുന്നുള്ളൂ.

വാളവരയെപ്പറ്റിയുള്ള ഒരു ക്വിസ് ആണ് താഴെ കൊടുക്കുന്നത്.

“ഞാൻ ഒരു ഭക്ഷണം ആണ്. മലയാളത്തിൽ എനിക്ക് നാല് അക്ഷരം ഉണ്ട്. എന്റെ പേര് ബൈബിളിൽ പറയുന്നു. ആദ്യത്തെ രണ്ട് അക്ഷരം ചേരുമ്പോൾ ഒരു മൽസ്യത്തിന്റ പേര് ആണ്. ഒന്നും, മൂന്നും അക്ഷരം ചേരുമ്പോൾ നമ്മുടെ വീട്ടിലെ കൊച്ചു കുഞ്ഞുങ്ങളെ ആ പേരിൽ വിളിക്കും. മൂന്നും നാലും അക്ഷരം ചേരുമ്പോൾ ചില ബുക്ക്‌കളിൽ കാണാം:. ഞാൻആരു? ഉത്തരം : വാളവര.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

“സേലാ‌” എന്നാൽ എന്താണ് അർഥം

സങ്കീർത്ത​ന​ങ്ങ​ളി​ലും ഹബക്കൂ​ക്കി​ലും കാണുന്ന ഒരു സാങ്കേ​തി​ക​പദം. സംഗീ​ത​വു​മാ​യോ ആലാപ​ന​വു​മാ​യോ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. പാട്ടി​ലോ സംഗീ​ത​ത്തി​ലോ രണ്ടിലും ​കൂടെ​യോ ഉള്ള ഒരു ചെറിയ നിറു​ത്ത​ലി​നെ ഇത്‌ അർഥമാ​ക്കിയേ​ക്കാം. നിശ്ശബ്ദ​മാ​യി ധ്യാനി​ക്കാ​നോ തൊട്ടു​മുമ്പ്‌ പ്രകടി​പ്പിച്ച വികാ​ര​ഭാ​വം എടുത്തു​കാ​ണി​ക്കാ​നോ വേണ്ടി​യാ​കാം ഈ നിറുത്തൽ.

സങ്കീർത്തനങ്ങൾ വായിക്കുമ്പോൾ ഈ പദം വായിക്കേണ്ട ആവശ്യമില്ല. കാരണം ഇത് എബ്രായ സംഗീതത്തിലെ പാട്ടുകാർക് മാർഗ്ഗനിർദ്ദേശം കൊടുക്കുവാനുള്ള ഒന്നാണ്. ബൈബിളിലുള്ള ഗദ്യ വിവരണ പുസ്തകങ്ങളിൽ ഒരിടത്തും സേലാ‌ എന്ന് കാണുന്നില്ല. സാവധാനത്തിൽ താളമേളങ്ങൾ കൊട്ടാനോ ഉറക്കെ പാടാനോ മറ്റോ കൊടുത്ത നിർദ്ദേശമായിരിക്കണം. നാം വായിക്കുമ്പോൾ ആ വാക്ക് വിട്ടു വായിക്കേണം.

‘സേലാ’ എന്ന വാക്ക് 71 പ്രാവശ്യം സങ്കീർത്തനങ്ങളിൽ (3:2 മുതൽ) കാണുന്നു. കൂടാതെ ഹബക്കൂകിൽ 3 പ്രാവശ്യവും (3:3, 9, 13). ഇത് കൂടാതെ ഒരു പ്രാവശ്യം സ്ഥലത്തിന്റെ പേരായും കാണുന്നു (2 രാജാക്കന്‍മാര്‍ 14 : 7). അങ്ങനെ മൊത്തത്തിൽ 75 പ്രാവശ്യം സേലാ എന്ന പദം ബൈബിളിൽ ഉണ്ട്.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

ദൂദായിപ്പഴം

ഉല്‌പത്തി 30:14 ൽ ആണ് നാം ആദ്യമായി ദൂദായിപ്പഴത്തെ കാണുന്നത്.

പാലസ്തീനിലെ വയൽ വരമ്പുകളിൽ പടർന്നു കിടക്കുന്ന ഒരു ചെറു സസ്യം ആണിത്. ആകർഷകത്വം തോന്നുന്ന ഈ പഴം സന്താന വർദ്ധനവിനും ലൈംഗിക ശേഷിക്കും ഫലപ്രദമാണ് എന്ന് ഒരു ബൈബിൾ നിഘണ്ടുവിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടായിരിക്കാം റാഹേൽ ലേയയോട് ഈ പഴം ചോദിക്കുന്നത്. പക്ഷെ, റാഹേലിന്റെ ജീവിതത്തിൽ ദൂദായിപ്പഴം ഗുണം ചെയ്‌തില്ല.

ചിലർ ഈ ദൂദായിപ്പഴം യേശുക്രിസ്തു ആണെന്ന് പ്രസംഗിക്കാറുണ്ട്. ദായിപ്പഴത്തിൽ ക്രിസ്തുവിനെ കണ്ടെത്തുന്നത് ഭയങ്കരം തന്നെ.

മഞ്ഞ ‘പ്ലം — plum’ പോലെയുള്ള പഴങ്ങളുള്ള ഒരു കിഴങ്ങുവർഗ്ഗ സസ്യമാണ് ദൂദായിപ്പഴം അഥവാ മാൻ‌ഡ്രേക്ക്. മെയ് മാസത്തിൽ ഇത് വിളയുന്നു, ഇത് കോതമ്പു കൊയിത്തുകാലത്തു ഉണ്ടാകുന്ന ഫലമാണ് എന്ന് ഇവിടെ കാണുന്നു (ഉല്പത്തി 30:14).

ഉല്‌പത്തി 30-ൽ കണ്ടതിനു ശേഷം പിന്നെ നാം ദൂദായിപ്പഴം കാണുന്നത് ഉത്തമഗീതം 7:14 ൽ ആണ്. ദൂദായ്പഴം സുഗന്ധം വീശുന്ന ഒന്നാണ്.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

ഈസോപ്പ്

1 രാജാക്കന്മാർ – 4:33- ൽ ശലോമോൻ ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും പ്രസ്താവിച്ചു. ഇവിടെ ഈസോപ്പിനെ ‘ചുവരിന്മേൽ മുളക്കുന്ന വൃക്ഷം’ ആയി പറഞ്ഞിരിക്കുന്നു.

വലിയ മതിലുകളുടെ വിള്ളലുകളിൽ മുളച്ചുവരുന്ന ഈ ചെടിയെ ‘ചുവരിന്മേൽ മുളക്കുന്ന’ എന്നറിയപ്പെടുന്നു. ഇസ്രായേലിൽ സുലഭമായി കണ്ടുവരുന്ന ഈ സസ്യം സീനായിയിലും കണ്ടുവരുന്നു എന്ന് ഇസ്രായേൽ സന്ദർശിച്ചിട്ടുള്ളവർ പറയുന്നു. സുലഭമായി കണ്ടുവരുന്നതുകൊണ്ടാണ് ‘ചുവരിന്മേൽ മുളക്കുന്ന’ എന്ന പ്രയോഗം പറയുന്നത്. അല്ലാതെ വീടുകളുടെ എല്ലാം ചുവരിന്മേൽ ഇത് മുളക്കും എന്ന അർത്ഥത്തിൽ അല്ല.

ഈസോപ്പ് ഒരു ഔഷധമാണ്. ഈസോപ്പ് ചെടിയുടെ തണ്ടുകൾ നീളമുള്ളതും രോമാവൃതവുമാണ് (കരിമ്പിന്റെ തണ്ടുകളിൽ ഉള്ളതുപോലെ). ഇതിന്റെ ഇലകൾ ചായക്ക് സുഗന്ധം പകരുന്നതാണ്. ചെറിയ ഇലകളും സ്വർണ്ണനിറമുള്ള പൂക്കളും ഈ ചെടിയുടെ പ്രത്യേകതയാണ്. റൊട്ടിയുടെയും ഒലിവെണ്ണയുടെയും കൂടെ സാലഡ് ആയി ഇത് ഉപയോഗിക്കുന്നുണ്ട്.

പഴയ നിയമത്തിൽ ഇതിനെ പരാമര്ശിക്കുന്നിടത്തൊക്കെ ഇത് ശുദ്ധീകരണം പോലെയുള്ള കർമ്മാദികൾക്ക് ഉപയോഗിക്കുന്നതായി കാണാം.

സങ്കീർത്തനങ്ങൾ – 51:7 ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നത് ഈ അർത്ഥത്തിൽ ആണ്. ‘ഈസോപ്പ്’ എന്ന ഒരു ‘സോപ്പ്’ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.

ശുദ്ധീകരണ ചടങ്ങുകൾക്കു വെള്ളമോ രക്തമോ തളിക്കാനുപയോഗിക്കുന്ന നേർത്ത ശാഖകളും ഇലകളുമുള്ള ഒരു ചെടിയാണിത്. ഈസോപ്പ് ചെടിയുടെ ഒരു കെട്ടു എടുത്താണ് പെസഹായുടെ സമയത്തു കുഞ്ഞാടിന്റെ രക്തം കട്ടിള കാലിന്മേൽ പുരട്ടുന്നത്. ഈസോപ്പ് അല്ല ശുദ്ധീകരിക്കുന്നത് പിന്നെയോ രക്തമാണ്. ഇത് രക്തം തളിക്കുവാൻ ഉപയോഗിക്കുന്നു (ലേവ്യ 14:4, Numbers 29:6, 18 & Hebrew 9:19).

ഈസോപ്പ് ചെടിയുടെ ശാസ്ത്ര നാമം ‘ഒറിഗാനം സിറിയാകാം’ എന്നാണ്. ഈ ചെടി എബ്രായ ഭാഷയിൽ ‘ഈസോപ്പ്’ എന്നും അറബിയിൽ ‘സാത്താർ’ എന്നും അറിയപ്പെടുന്നു.

എന്നാൽ യോഹന്നാൻ 19:29 ൽ നാം കാണുന്നത് : അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ‘ഈസോപ്പുതണ്ടിന്മേൽ’ ആക്കി അവന്റെ വായോടു അടുപ്പിച്ചു.

മത്തായിയും (മത്തായി – 27:48) മർക്കോസും (മർക്കൊസ് – 15:36) പറയുന്നത് ഓടതണ്ടിന്മേൽ എന്നാണ്. ശരിക്കും ക്രൂശിൽ കിടക്കുന്ന യേശുവിനു കുടിക്കുവാൻ കൊടുത്തത് എന്തിൻമേൽ ആണ്?

നാം മുകളിൽ ചിന്തിച്ച ഈസോപ്പ് ചെറിയ സസ്യം (Herb) ആണ്. എന്നാൽ ഇവിടെ കാണുന്നത് മറ്റൊന്നാണ്. കാരണം തണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു എന്നാണ്. ഇത് ഒരു തരം ധാന്യച്ചെടിയാണ്. പുൽച്ചെടികളുടെ തണ്ടിന്റെ അകം പൊള്ളപോലെ ആണല്ലോ.

വചന പണ്ഡിതരുടെ അഭിപ്രായത്തിൽ പലസ്തീൻ നാട്ടിൽ ധാരാളമായി കാണുന്ന ഒരു ധാന്യത്തിന്റെ പേരും ഈസോപ്പ് എന്നാണ്. ഈ ധാന്യമായ ഈസോപ്പിന്റെ തണ്ടാണ് ഓടത്തണ്ടു എന്നറിയപ്പെടുന്നത്. ഈ ഓടത്തണ്ട് ആയിരിക്കാം യേശുവിനു പുളിച്ച വീഞ്ഞു ഉയർത്തിക്കൊടുക്കാൻ ഉപയോഗിച്ചത്.

ചുരുക്കി പറഞ്ഞാൽ ഈസോപ്പ് എന്നറിയപ്പെടുന്ന രണ്ടു തരം സസ്യങ്ങൾ പലസ്തീൻ നാട്ടിൽ ഉണ്ടെന്നു പറയാം.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

Leave a Reply

Your email address will not be published. Required fields are marked *