12 വയസ്സിനും 30 വയസ്സിനു ഇടയിൽ യേശു സ്വന്തം നാട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നു തന്നെയാണ് ഭൂരിഭാഗം ക്രൈസ്തവ വിശ്വാസികളും കരുതിപ്പോരുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ അദ്ദേഹം ദേശാടനത്തിലായിരുന്നുവെന്നും കരുതുന്നവരുണ്ട്.
യേശു ഗലീലിയിൽ തന്നെ ഉണ്ടായിരുന്നു ! അധികം ആരാലും അറിയപ്പെടാതെ യേശു ഗലീലിയിൽ തന്നെ ഉണ്ടായിരുന്നു എന്ന വാദങ്ങളും ബൈബിളിൽ നിന്ന് പ്രബലമാണ്.
1. അമ്മയുടെ ഒപ്പം
ലൂക്കോ.2:51 “പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള് എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.”
12 വയസ്സ് മുതൽ യേശുക്രിസ്തു നസറേത്തിൽ തൻറെ മാതാപിതാക്കൾക്ക് കീഴടങ്ങിയിരുന്നു എന്ന് ബൈബിൾ പറയുന്നു. എങ്ങോട്ടെങ്കിലും യേശുക്രിസ്തു പോയതായി ബൈബിളിൽ പറഞ്ഞിട്ടുമില്ല.
2. പതിവായി നസ്രത്തിലെ സിനഗോഗിൽ പോകുന്ന വ്യക്തി
ലൂക്കോ.4:16 : യേശു താൻ വളർന്ന സ്ഥലമായ നസറത്തിൽ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ച് വായിക്കാൻ എഴുന്നേറ്റുനിന്നു.
“അവൻ വളർന്ന സ്ഥലമായ നസറത്തിൽ” എന്ന് വളരെ വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു. മാത്രമല്ല, “പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ” എന്നും പറഞ്ഞിരിക്കുന്നു. പതിവായി ചെയ്യുന്ന ഒരു കാര്യമായിട്ടാണ് അത് പറഞ്ഞിരിക്കുന്നത്. അതുവരെ നാട്ടിൽ ഇല്ലാതിരുന്ന ആൾ ആയിരുന്നെങ്കിൽ “തൻറെ പതിവ് പോലെ” എന്നെഴുതുകയില്ല.
3. അറിവിൽ ആശ്ചര്യം
യോഹ.7:14,15 “പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു”
12 വയസ്സു മുതൽ 30 വയസ്സ് വരെ തങ്ങളുടെ ഇടയിൽ ഇല്ലാതിരുന്ന ഒരാളെക്കുറിച്ച് അവർക്കങ്ങനെ ആശ്ചര്യപ്പെടെണ്ടി വരില്ല. മാത്രമല്ല, അങ്ങനെ വേറെ എവിടെയെങ്കിലും പോയ ഒരാൾ ആയിരുന്നു യേശു എങ്കിൽ അവർ പറയുന്നത്: “ഇവൻ എവിടെയൊക്കെയോ പോയി എന്തൊക്കെയോ പഠിച്ചു വന്നിരിക്കുന്നു” എന്നായിരിക്കും!
4. തങ്ങളുടെ ഒപ്പം ഉണ്ടായിരുന്നവൻ
“അവൻ അവിടെ നിന്നു പുറപ്പെട്ടു, തൻറെ പിതൃനഗരത്തിൽ ചെന്നു; അവൻറെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവൻറെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവൻറെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി” (മർക്കോസ്.6:1-3)
ഇവിടെയും ജനം അത്ഭുതപ്പെടുകയാണ്. തങ്ങളുടെ ഇടയിൽ ആശാരിപ്പണി ചെയ്തു നടന്ന ചെറുക്കൻ ആണ് ഇത്രേം വല്യ വല്യ കാര്യങ്ങൾ പറയുന്നത് എന്നാണ് അവർ അത്ഭുതപ്പെടുന്നത്. യേശുക്രിസ്തു പുറത്ത് എവിടെയെങ്കിലും പോയിട്ട് വന്ന ആളായിരുന്നെങ്കിൽ ഒരിക്കലും ജനം അങ്ങനെ അത്ഭുതപ്പെടുകയില്ല. തങ്ങൾക്കു ശരിക്കും അറിയാവുന്ന, തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ആയതുകൊണ്ടാണ് അവർ അത്ഭുതപ്പെട്ടത്.
******************************************************************************************************
യേശുവിൻ്റെ പന്ത്രണ്ട് വയസ്സു മുതൽ മുപ്പത് വയസ്സു വരെയുള്ള കാലത്തെക്കുറിച്ച് ബൈബിളിൽ വിവരങ്ങളൊന്നും ഇല്ലെന്നാണ് ബൈബിൾ വിരോധികൾ കരുതുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ നിക്കോളസ് നൊട്ടൊവിച്ച് (Nicolas Notivitch) എന്ന റഷ്യൻ യാത്രികൻ രചിച്ച The Unknown Life of Jesus Christ എന്ന കൃതിയിലൂടെയാണ് യേശുവിന്റെ ഇന്ത്യാ ജീവിതത്തെക്കുറിച്ചുള്ള നുണക്കഥയ്ക്ക് ഏറെ പ്രചാരവും പ്രസിദ്ധിയും ലഭിച്ചത്. ഇന്ത്യയിലെത്തിയ നൊട്ടൊവിച്ച് കാലൊടിഞ്ഞ് ബുദ്ധാശ്രമത്തീൽ ചികിത്സയിൽ ആയിരിക്കുമ്പോൾ, യേശുവിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ചുള്ള ബുദ്ധമത ലിഖിതങ്ങൾ വായിച്ചു കേട്ടുവെന്നുമാണ് ആ കഥ. തുടർന്ന് താൻ നാട്ടിൽ പോയി 1890-ൽ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. അടുത്തത്, നൊട്ടൊവിച്ചിന്റെ സമകാലികനായിരുന്ന ഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മിർസ ഗുലാം അഹമദ് (1835-1908) ആണ്. 1890-ൽ തന്നെയാണ് ‘മസീഹ് ഹിന്ദുസ്ഥാൻ മേം’ (യേശു ഇന്ത്യയിൽ) എന്ന പുസ്തകം ടിയാനും പ്രസിദ്ധീകരിച്ചത്. അതിൽ പറയുന്നത്; യേശു ക്രൂശിൽ മരിക്കാതെ രക്ഷപെട്ട് കാശ്മീരിൽ വന്നെന്നും, 120 വയസ്സുവരെ ജീവിച്ചശേഷം മരിച്ച്, കശ്മീരിലെ കാന്യാറിലുള്ള യൂസ് അസഫിന്റെ കബറിടത്തിൽ അടക്കപ്പെട്ടെന്നുമാണ് കഥ. വേറൊരണ്ണം ലെവി.എച്ച്. ഡൗലിംഗ് 1908-ൽ പ്രസിദ്ധീകരിച്ച The Aquarian Gospel of Jesus Christ എന്ന ഗ്രന്ഥമാണ്. അതിൽ പറയുന്നത്; യേശു തന്റെ അജ്ഞാത വർഷങ്ങളിൽ ഇന്ത്യ, ടിബറ്റ്, പേർഷ്യ, അസ്സിറിയ, ഗ്രീസ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായാണ്. ബൈബിളുമായി പുലബന്ധംപോലും ഇല്ലാത്തവവർക്കേ ഇങ്ങനെയുള്ള നുണകൾ പ്രചരിപ്പിക്കുവാൻ കഴിയൂ. യേശുവിൻ്റെ പന്ത്രണ്ടു വയസ്സുമുതൽ മപ്പതു വയസ്സു വരെയുള്ള അഥവാ, പരസ്യശുശ്രൂഷയുടെ കാലംവരെയുള്ള വളരെയേറെ വിവരങ്ങളില്ലെങ്കിലും, ഒരു സത്യാന്വേഷകന് ഗ്രഹിക്കാൻ വേണ്ടതിലും അധികം തെളിവുകൾ ബൈബിളിലുണ്ട്.